Tuesday, June 11, 2013

വി ടി ബല്‍റാമും കപട മതേതരത്വവും
ശശികല ടീച്ചറുടെ ഫേസബുക്ക് പേജില്‍ നിന്നും



        പ്രിയ സുഹൃത്ത് വി.ടി ബല്‍‌റാം എം.എല്‍.എ ഇന്നലെ വൈകാരിക വിക്ഷോഭത്തില്‍ ആയിരുന്നു. രാത്രി ക്ഷുഭിതനായി കുറേ പ്രൈവറ്റ് മെസ്സേജുകള്‍ അയച്ചു. ഫേയ്സ്ബുക്ക് പേജുകളില്‍ കൂടി ചില ഹിന്ദുക്കള്‍ അദ്ദേഹത്തിനെതിരെ അസഭ്യവര്‍ഷം നടത്തുന്നുവെന്നും, ആയത് എന്റെ സംഘടനയുടെ ‘ഫാസിസ്റ്റ് ഐഡിയോളജിയില്‍‘ പ്രചോദിതമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ശ്രീ.വി.ടി.ബലറാമിനെ എന്നല്ല ആരെയും അത്തരത്തില്‍ വളരെ മോശം ഭാഷയുപയോഗിച്ച് കൈകാര്യം ചെയ്യുന്നതിനെ അനുകൂലിക്കാന്‍ സാധിക്കില്ല എന്നു മാത്രമല്ല പ്രതിഷേധാര്‍ഹവുമാണ്. ഇക്കാര്യം സൂചിപ്പിച്ചിട്ടും അദ്ദേഹം അത്തരം പ്രതികരണങ്ങള്‍ സംഘപരിവാറിനാല്‍ പ്രചോതിദമാണെന്ന നിലപാടില്‍ ഉറച്ചു നിന്നു.


താന്‍ ഹിന്ദു എം.എല്‍.എ അല്ലെന്ന അദ്ദേഹത്തിന്റെ നിലപാടാണ് കുറേ ഹിന്ദുക്കളുടെ രോഷത്തിനു കാരണമായത്. അവിടെ പ്രതികരിച്ചവരില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്ത ചെയ്യുന്ന ഹിന്ദുക്കള്‍ ഉണ്ടാകാം. അവരില്‍ അപക്വമായി പ്രതികരിച്ചവരും ഉണ്ടാകാം. അതൊന്നും ഒരു സംഘടനായാല്‍ പ്രചോതിദമായവരല്ലെന്നും വി.ടി അടക്കമുള്ള കപടമതേതരവാദികളുടെ അവസരവാദ പ്രസ്താവനകള്‍ ഉണ്ടാക്കിയ സാമൂഹിക പരിസരത്തില്‍ നിന്നും രൂപം കൊണ്ട നവ ഹിന്ദു പ്രതിരോധമാണെന്നും അദ്ദേഹത്തോടു ഞാന്‍ സൂചിപ്പിച്ചു.‘ ഇന്റര്‍നെറ്റ് ഹിന്ദു‘ എന്ന സംജ്ഞ വിദേശ മാധ്യമങ്ങള്‍ പോലും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. വിവരസാങ്കേതിക വിദ്യ ഏറ്റവുമധികം പ്രയോജനപ്പെട്ടിട്ടുള്ളത് അസംഘടിതരായിരുന്ന ഹൈന്ദവരുടെ ഐക്യത്തിനാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. വിവിധ രാജ്യങ്ങളില്‍ ചിതറി കിടക്കുന്ന ഹൈന്ദവര്‍, അവര്‍ക്കുള്ളില്‍ അമര്‍ത്തി വച്ചിരുന്ന രോഷം മുഴുവന്‍, ഇന്റര്‍നെറ്റ് കൂട്ടായ്മകളുണ്ടാക്കി പുറത്തെടുക്കാന്‍ തുടങ്ങി. പല മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ ഇന്റര്‍നെറ്റ് ഹിന്ദുക്കളുടെ രോഷത്തിനു വിധേയരായിട്ടുണ്ട്. കേരളത്തിലും ഇന്റര്‍നെറ്റ് ഹിന്ദുക്കള്‍ വളരെ ശക്തരാണെന്നു വേണം വി.ടിക്കുണ്ടായ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാന്‍. ഇന്റര്‍നെറ്റ് എന്ന നവമാധ്യമം ഉപയോഗിച്ച് ഹിന്ദു താനേ സംഘടിക്കുകയാണ്. അതൊരു ചരിത്രനിയോഗം മാത്രം. അതിനു വേണ്ടി പ്രത്യേകിച്ചൊരു പരിശ്രമവും ഉണ്ടായതിന്റെ ഫലമല്ല ആ കൂട്ടായ്മ. അക്കാര്യം വിടാം.

ശ്രീ.വി.ടി.ബലറാം ദേവസ്വം മെമ്പര്‍മാരുടെ തിരഞ്ഞെടുപ്പില്‍ ഹിന്ദു എം.എല്‍.എ എന്ന സംജ്ഞ സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡണ്ടിനും കത്തു നല്‍കി. ആ നിലക്ക് അദ്ദേഹം ആ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ നിന്ന് വിട്ടു നിന്നിട്ടുണ്ടകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. ആദര്‍ശ ശാലിയായ ഒരു യുവ എം.എല്‍.എ താന്‍ മതരഹിതനാണെന്നു പ്രഖ്യാപിച്ച ശേഷം ഹിന്ദു എം.എല്‍.എമാര്‍ മാത്രം വോട്ട് ചെയ്യേണ്ട ഒരു സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്നതാണല്ലോ അഭികാമ്യം. പക്ഷേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിധിച്ചു. വി.ടി.ബല്‍‌റാം ഹിന്ദു തന്നെ. വിപ്പില്‍ യാതൊരു ആനുകൂല്യവും നല്‍കരുതെന്ന് ഉമ്മന്‍ ചാണ്ടി പി.സി.ജോര്‍ജ്ജിനു നിര്‍ദ്ദേശവും നല്‍കി. പ്രിയ വി.ടി, ഇതാണ് കേരളത്തിലെ അവസ്ഥ. ഹിന്ദുവിനു വിശ്വാസം ഉപേക്ഷിക്കണമെങ്കില്‍ പോലും ഉമ്മന്‍ ചാണ്ടിയുടേയും പി.സി.ജോര്‍ജ്ജിന്റെയും അനുമതി വേണം. ഹിന്ദുവിന്റെ ഒരോ ഗതികേടേ..

പക്ഷേ യുവതുര്‍ക്കിയും ആദര്‍ശധീരനുമായ നമ്മുടെ വി.ടി, വിപ്പ് തള്ളിക്കളഞ്ഞ് താന്‍ പ്രസംഗിച്ചതില്‍ ഉറച്ചു നില്‍ക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകളെ തകര്‍ത്ത് വി.ടി, ദേവസ്വം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ഹിന്ദുവല്ലാത്ത വി.ടി, എന്തിന് ദേവസ്വം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു? അത് വിശ്വാസികളായ ഹിന്ദുക്കളോട് ചെയ്ത വഞ്ചനയല്ലേ? തന്റെ തന്നെ നിലപാടിനോടുള്ള ആത്മവഞ്ചനയല്ലേ? വിപ്പ് ലംഘിച്ചിരുന്നെങ്കില്‍ വി.ടിയുടെ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടുമായിരുന്നു. രാജി വക്കേണ്ടി വരുമായിരുന്നു. അപ്പോള്‍ വി.ടി. തീരുമാനിച്ചു, ആദര്‍ശമല്ല കസേരയാണു വലുതെന്ന്. വെല്‍ഡണ്‍ വി.ടി. അങ്ങ് ഒരു കോണ്‍ഗ്രസ്സുകാരന്‍ എന്തുകൊണ്ടായി എന്നുള്ളതിനുള്ള ഉത്തരം ഇപ്പോഴാണു കിട്ടിയത്.

വാല്‍‌ക്കഷ്ണം : എന്തു കാരണത്തിന്റെ പേരിലായാലും കയ്യിലുള്ള പദവി പുല്ലു പോലെ രാജിവക്കണമെങ്കില്‍ അതിനും വേണം ധാര്‍മ്മികബോധവും ചങ്കൂറ്റവും. കോണ്‍ഗ്രസ്സുകാര്‍ക്കതില്ല.